Kerala
കൊല്ലം: ചാത്തന്നൂരിൽ ബിജെപി പ്രവർത്തകനെ കുത്തിയ പ്രതി മൊട്ട വിഷ്ണു അറസ്റ്റിൽ. ബിജെപി പ്രവർത്തകനായ രാജീവനെ ഞായറാഴ്ച രാത്രിയാണ് വിഷ്ണു ആക്രമിച്ചത്.
രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് രാജീവൻ പറഞ്ഞു. ഫോട്ടോഗ്രാഫറായ രാജീവൻ ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് സ്റ്റുഡിയോ അടച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ രാജീവിന്റെ തോളിനാണ് കുത്തേറ്റത്. പരിക്കേറ്റ രാജീവിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
International
ബർലിൻ: ചൈനയ്ക്കുവേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തിൽ ദന്പതികളെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തു.
മ്യൂണിക്കിൽ താമസിക്കുന്ന ജർമൻ പൗരത്വമുള്ള സുജെൻ സി, ഭാര്യ ഹുവ എസ് എന്നിവരെയാണു ഫെഡറൽ പോലീസ് അറസ്റ്റ് ചെയ്തത്.
ചൈനീസ് ചാരസംഘടനയ്ക്കുവേണ്ടി ഇരുവരും പ്രവർത്തിച്ചിരുന്നതായി തെളിഞ്ഞെന്നും രാജ്യത്തെ വിവിധ സർവകലാശാലകളിലെയും ഗവേഷണസ്ഥാപനങ്ങളിലെയും ശാസ്ത്രജ്ഞരുമായി ബന്ധം സ്ഥാപിച്ച് പ്രതിരോധ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാൻ ഇരുവരും ശ്രമിച്ചിരുന്നുവെന്ന് വ്യക്തമായതായും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
District News
ഉളളൂര്‍: യുവാക്കളെ ബിയര്‍കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച മൂന്നുപേരെ മെഡിക്കല്‍കോളജ് പോലീസ് പിടികൂടി. പത്തനംതിട്ട ഏനാദിമംഗലം കുറുമ്പക്കര പടിഞ്ഞാറ്റേതില്‍ വീട്ടില്‍ ജിതിന് (27), തിരുവനന്തപുരം തുറുവിക്കല്‍ വയലില്‍ പണയില്‍ വീട്ടില്‍ ശ്യാംകുമാര്‍ (26), നെയ്യാറ്റിന്‍കര പെരുമ്പഴുത്തൂര്‍ എസ്.എസ്. നിവാസില്‍ ദീപു (27) എന്നിവരാണ് പിടിയിലായത്. ഈമാസം 17ന് പുലര്‍ച്ചെ 12.30നായിരുന്നു കേസിനാസ്പദമായ സംഭവം.
ചുള്ളിമാനൂര്‍ സ്വദേശികളായ രാഹുല്‍ (24), അരവിന്ദ് (27), അനന്തു (26) എന്നിവരാണ് ആക്രമിക്കപ്പെട്ടത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തുവച്ചായിരുന്നു ആക്രമണം. ഇടവഴിയില്‍ നില്‍ക്കുകയായിരുന്നു സുഹൃത്തുക്കള്‍ക്കുനേരേ ബിയര്‍കുപ്പി പൊട്ടിച്ചുകൊണ്ട് പ്രതികള്‍ ചാടിവീഴുകയായിരുന്നു. ആക്രമണത്തില്‍ കൈകള്‍ക്കു പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. പൂര്‍വ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Kerala
വെൺമണി: അടച്ചിട്ട വീട്ടിൽ നിന്നും 200 കിലോ തൂക്കം വരുന്ന ചെമ്പുപാത്രവും വീട്ടിലെ തന്നെ സ്റ്റീൽ, പിത്തള ടാപ്പുകളും ഉൾപ്പെടെ രണ്ടര ലക്ഷത്തോളം വിലവരുന്ന വസ്തുക്കൾ മോഷണം നടത്തിയ പ്രതി പിടിയിൽ.
പത്തനംതിട്ട തിരുവല്ല താലൂക്കിൽ തൂവലശേരിൽ പൂമംഗലം വീട്ടിൽ പി.എസ്. ശരത് (40) എന്നയാളാണ് വെൺമണി പോലീസിന്റ പിടിയിലായത്. എറണാണാകുളത്ത് സ്ഥിരതാമസമാക്കിയ വെൺമണി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വെൺമണി ചെറുവല്ലൂരിലുള്ള അടച്ചിട്ട വീട്ടിലാണ് പ്രതി മോഷണം നടത്തിയത്.
മോഷണത്തിന് ശേഷം ഉപയോഗിച്ച സിം കാർഡ് നശിപ്പിച്ചു കളയുന്നതാണ് പ്രതിയുടെ രീതി. ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ വെൺമണി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മോഷണം നടന്ന സ്ഥലത്തേയും സമീപ പ്രദേശങ്ങളിലെയും നൂറിൽ പരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടുകൾ കണ്ടുവച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. മോഷണ സാധനങ്ങൾ വിൽപ്പന നടത്തിയ കുരമ്പാലയിലുള്ള ആക്രികടയിൽ നിന്നും മോഷണ മുതലുകൾ വീണ്ടെടുത്തതിന് ശേഷം ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച മധ്യവയസ്കന് പിടിയില്‍. കോഴിക്കോട് കല്ലായി റെയില്‍വേ സ്റ്റേഷന് സമീപത്താണ് കത്തിക്കുത്ത് നടന്നത്.
അക്രമം നടത്തിയ എലത്തൂര്‍ പുതിയങ്ങാടി സ്വദേശി മേലെമരക്കാരകത്ത് വീട്ടില്‍ മുഹമ്മദ് നിസാറി(53)നെയാണ് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. കല്ലായ് സ്വദേശി കോയമോനെയാണ് നിസാര്‍ കുത്തി പരിക്കേല്‍പ്പിച്ചത്.
കല്ലായ് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള നിസാറിന്റെ വാടക വീട്ടില്‍ വച്ചാണ് അതിക്രമം നടന്നത്. നിസാറും സുഹൃത്തുകളും ഈ വീട്ടില്‍ വച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ നിസാറിന്റെ ഫോണ്‍ കോയമോന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കാമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ കോയമോന്റെ മുഖത്തും കഴുത്തിലും വയറിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള കോയമോന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
Kerala
കൊച്ചി: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി ഭാഗത്ത് നെടിയാമലയിൽ വീട്ടിൽ അനന്തകൃഷ്ണനെ (21) ആണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മുൻ വൈരാഗ്യം മൂലം തന്റെ മകനെ ഇയാൾ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ഏപ്രിൽ 28ന് രാത്രി ഒൻപതിനായിരുന്നു സംഭവം.
എസ്ഐമാരായ ചാർലി തോമസ്, എൻ.എസ്. റോയ് , സി.ബി. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.പി. രതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
മണ്ണാർക്കാട്: അട്ടപ്പാടിയിലേക്കു വില്പനയ്ക്കായി വിദേശമദ്യം കടത്താൻ ശ്രമിക്കുന്നതിനിടെ പോലീസ് ചെക്ക്പോസ്റ്റുകൾ തകർത്ത് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ.
ആനമൂളി തട്ടാരക്കാടൻ റഹീമിനെയാണ് പോലീസ് സംഘം പിടികൂടിയത്. ഈമാസം ആറിനു രാവിലെ ആറോടെയാണ് അട്ടപ്പാടിയിലേക്ക് വിദേശമദ്യം കടത്തുന്നതിനിടെ റഹീമിനെ മുക്കാലിയിൽ പോലീസ് തടഞ്ഞത്.
എന്നാൽ വാഹനം നിർത്താതെ ചെക്ക്പോസ്റ്റ് തകർത്തു രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ പോലീസുകാർക്ക് പരിക്കു പറ്റിയിരുന്നു.
പിന്തിരിഞ്ഞ് മണ്ണാർക്കാട്ടേക്കുവന്ന റഹീമിനെ ആനമൂളി ചെക്ക്പോസ്റ്റിലും തടഞ്ഞെങ്കിലും പിടികൂടായില്ല.
International
വാഷിംഗ്ടൺ ഡിസി: ഗുജറാത്തി യുവതിക്കു വെടിയേറ്റതിൽ ഭർത്താവ് അറസ്റ്റിൽ. അമേരിക്കയിലെ ലൂയിസിയാനയിലുണ്ടായ സംഭത്തിൽ ജിഗിഷ സോണിയ ഗജേര എന്ന മുപ്പതുകാരിയുടെ മുഖത്തിനു ഗുരുതര പരിക്കേറ്റു.
ഇവരുടെ ഭർത്താവ് ഷരദ് ഗജേരയുടെ കൈയിലുണ്ടായിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയെന്നാണ് പോലീസ് കരുതുന്നത്.
ഈ മാസം നാലിന് ഒരു കടയിൽവച്ചാണു സംഭവം. ദന്പതികൾ കട വാങ്ങുന്നതിനെക്കുറിച്ച് ഉടമയുമായി ചർച്ച നടത്തുന്നതിനിടെ ഷരദ് ഗജേരയുടെ കൈയിലിരുന്ന തോക്കിൽനിന്ന് വെടിപൊട്ടി. വെടിയുണ്ട ജിഗിഷയുടെ താടിയെല്ല് തുളച്ച് പുറത്തുകടന്നു.
അതേസമയം, തോക്ക് ആരുടേതാണെന്നതിൽ വ്യക്തതയില്ല. കടയുടമസ്ഥൻ തോക്കുകൾ കടയിൽ സൂക്ഷിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. തോക്ക് നിയമവിരുദ്ധമായി ഉപയോഗിച്ചതിന്റെ പേരിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
National
ഗഞ്ചം: ഒഡീഷയിലെ ബെർഹാംപുറിൽ ബന്ധുവിനെ കൊലപ്പെടുത്തി യുവാവ്. രാജ്ദീപ് സഹുവാണ് കൊല്ലപ്പെട്ടത്. ബെർഹാംപുറിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. 22കാരനായ യുവാവാണ് പ്രതി.
കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന്റെ യഥാർഥ കാരണം എന്താണെന്നതിൽ വ്യക്തതയില്ല. കൊലപാതകത്തിന് ശേഷം മൃതദേഹം പോളിത്തീൻ കവറിൽ പൊതിഞ്ഞ് ലഗേജ് ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കൂടുതൽ പേർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
International
അബൂജ: കഴിഞ്ഞവർഷം നവംബറിൽ നൈജീരിയയിലെ പെന്തകോസ്ത് പള്ളിയിൽനിന്ന് പാസ്റ്റർ അടക്കമുള്ളവരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 33 അംഗ സംഘം അറസ്റ്റിലായി.
ഈ ക്രിമിനൽ സംഘം മറ്റ് തട്ടിക്കൊണ്ടുപോകലുകളും കന്നുകാലി മോഷണവും ആക്രമണങ്ങളും നടത്തിയിട്ടുണ്ടെന്ന് ഫെഡറൽ സർക്കാരിന്റെ പോലീസ് വക്താവ് ആന്തണി ഒകോൺ പ്ലാസിഡ് അറിയിച്ചു.
അന്വേഷണസംഘം ദീർഘകാലം നടത്തിയ ഓപ്പറേഷനൊടുവിൽ സെൻട്രൽ നൈജീരിയയിലെ കവാര, കോഗി സംസ്ഥാനങ്ങളിൽനിന്നാണ് ഇവർ പിടിയിലായത്.
നവംബറിൽ കവാരയിലെ ക്രൈസ്റ്റ് അപ്പസ്തോലിക് പള്ളിയിലുണ്ടായ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരെ നൈജീരിയൻ അധികൃതർ ഘട്ടംഘട്ടമായി മോചിപ്പിച്ചു.
ഈ സംഭവത്തിനു പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നൈജീരിയയിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടിയതും ഇവർക്കെതിരേ നടപടിയെടുത്തില്ലെങ്കിൽ അമേരിക്കൻ ഇടപെടൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പു നല്കിയതും.
Kerala
ആലുവ: കെഎസ്ആർടിസി ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ച ശേഷം ഒളിവിൽപ്പോയ പ്രതികളെ പോലീസ് പിടികൂടി. കീഴ്മാട് കുറ്റിക്കാത്തോട്ടത്തിൽ അമീർ ഷാ (21), തോട്ടുമുഖം മുതിരക്കോട് മുഹമ്മദ് റിസ്വാൻ (24) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ഓടെ കുട്ടമശേരിയിൽ വച്ചാണ് അക്രമം നടന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനു കുറുകെ നിർത്തി ഡോർ വലിച്ചു തുറന്ന് ഡ്രൈവർ കായംകുളം സ്വദേശി എം. ശ്യാകുമാറിനെ ആക്രമിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച കണ്ടക്ടർ കൊല്ലം ശാസ്താംകോട്ട സ്വദേശി പ്രവീണിനും പരിക്കേറ്റു. ബസിനെ മറികടന്നു വന്ന ബൈക്കിന് വഴി നൽകിയില്ലെന്ന പേരിലാണ് തർക്കമുണ്ടായത്.
ജീവനക്കാരെ ആക്രമിച്ചശേഷം ബസിന്റെ താക്കോലും പ്രതികൾ കൊണ്ടുപോയി. യാത്രക്കാരെ മറ്റൊരു ബസിലാണ് കൊട്ടാരക്കരവരെ എത്തിച്ചത്. സംഭവത്തിനുശേഷം പ്രതികളുടെ ഫോൺ ഓഫായിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ബന്ധുവീടുകളിൽനിന്നാണ് പോലീസ് പിടികൂടിയത്.
ഓടിച്ചിരുന്ന ഇരുചക്ര വാഹനവും പോലീസ് പിടിച്ചെടുത്തു. മുട്ടം ഭാഗത്തെ പമ്പിൽ വച്ച് ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് പ്രതികൾക്കെതിരേ വേറെയും കേസ് നിലവിലുണ്ട്.
ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്ഐമാരായ ജോസി എം. ജോൺസൻ, ബി. സുരേഷ് കുമാ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, എം. ഷാഹിൻ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
National
ന്യൂഡൽഹി: മധ്യപ്രദേശിൽ രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുണ ജില്ലയിലെ മോഹൻപുർ ഖുർദിൽ ഉത്തം ബരേല, വികാസ് ബരേല എന്നിവരാണ് ബജ്രംഗ്ദൾ പ്രവർത്തകരുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായത്.
കാൻസർ പോലുള്ള മാരകമായ രോഗങ്ങൾ പ്രാർഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ചും സാന്പത്തിക സഹായവും വാഗ്ദാനം ചെയ്തും ആളുകളെ വിശ്വാസത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ചു എന്നും ആരോപണമുണ്ട്. ഇതോടൊപ്പം പ്രാർഥനായോഗങ്ങളിൽ പങ്കെടുക്കുന്നവർക്ക് വലിയതോതിൽ മാംസാഹാരം നൽകി ആകർഷിക്കാൻ ശ്രമിച്ചു എന്നും പരാതിയിലുണ്ട്.
പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് എഫ് ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. മതം മാറാൻ വിസമ്മതിച്ചാൽ രോഗങ്ങൾ ഭേദമാകില്ലെന്നും നിത്യമായ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയതായി പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മതം മാറിയാലും നിലവിലെ ജാതിയോ പേരോ മാറേണ്ട ആവശ്യമില്ലെന്നും അതിനാൽ സർക്കാർ ആനുകൂല്യങ്ങൾക്ക് മുടക്ക് ഉണ്ടാകില്ലെന്നും ഗ്രാമീണരെ പാസ്റ്റർമാർ തെറ്റിദ്ധരിപ്പിച്ചതായും പരാതിയിൽ കുറ്റപ്പെടുത്തുന്നു
Kerala
കാളിമാനൂർ: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ കിളിമാനൂർപോലീസ് അറസ്റ്റ് ചെയ്തു. കുറുപുഴ ഇളവട്ടം ഇർഫാൻ മൻസിലിൽ എൻ. ഇർഫാൻ(26), പറണ്ടോട് തെക്കുംകര ശരത് വിലാസത്തിൽ എസ്. ശ്യാം (24) എന്നിവരാണ് പിടിയിലായത്. പുലർച്ചെ നാലോടെയാണ് സംഭവം.
പ്രതികളിൽ നിന്ന് 2.5 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. എറണാകുളത്ത് നിന്ന് ലഹരിവസ്തു വാങ്ങി കാറിൽ നെടുമങ്ങാടേക്ക് വരുന്ന വഴിയാണ് ഇവർ പോലീസ് വലയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റൂറൽ ഡാൻസാഫ് സംഘവും കിളിമാനൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കിളിമാനൂർ സിഎച്ച്ഒ എ. നിസാർ, എസ്ഐ വി.എസ്. ജോയി, ഡാൻസാഫ് സംഘം എസ്ഐമാരായ എഫ്. ഫയാസ്, ബി.പി. രാജീവൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് കേന്ദ്രത്തിന് സമീപത്ത് നിന്ന് ബ്രൗൺ ഷുഗർ പിടികൂടി. കോഴിക്കോട് മണ്ണൂർ സ്വദേശി എ. ഷാജു (41) വിനെയാണ് 29ഗ്രം ബ്രൗൺ ഷുഗറുമായി ടൗൺ എസ്ഐ ബി. ജിഷ്ണുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ട്രെയിനിറങ്ങി വന്ന യുവാവിനെ സംശയം തോന്നി പരിശോധിക്കുകയായിരുന്നു.
District News
കുറ്റിലക്കടവ്: ഭാര്യയുടെ കഴുത്തുമുറിച്ചു വധിക്കാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പെരിഞ്ഞനം കുറ്റിലക്കടവിലെ പ്രളയപ്പുരയിൽ താമസിക്കുന്ന കൊച്ചാട്ട് മഹേന്ദ്രനെ(50)യാണ് കയ്പമംഗലം പോലീസ് അറസ്റ്റുചെയ്തത്.
മിനിയാന്നു രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലുണ്ടായ കുടുംബവഴക്കാണ് ആക്രമണത്തിനുപിന്നിലെന്നു പോലീസ് പറഞ്ഞു. കഴുത്തിൽ കത്തികൊണ്ടുള്ള മുറിവേറ്റ ഇവരെ പെരിഞ്ഞനം ലൈഫ്ഗാർഡ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർക്കു കഴുത്തിൽ പത്തു തുന്നലുകൾ ഇട്ടിട്ടുണ്ട്.
Kerala
മലപ്പുറം: മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ ആണ് അറസ്റ്റിലായത്. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കാപ്പാ കേസ് പ്രതിയായ റോഷൻ ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. സാദിഖലി തങ്ങളുടെ വ്യാജ ദൃശ്യങ്ങൾ കാണിച്ച്15 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇത് നൽകാതിരുന്നതോടെയാണ് ഫേസ്ബുക്ക്പോസ്റ്റ് ഇട്ടതെന്നും പോലീസ് പറയുന്നു.
ജനുവരി 31നാണ് പ്രതി പണം ആവശ്യപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സൈബർ പോലീസാണ് ആദ്യം കേസെടുത്ത് അന്വേഷണം നടത്തിയത്. ആരോപണം ഉന്നയിക്കപ്പെട്ടതിനു പിന്നാലെ സാദിഖലി തങ്ങൾ പോലീസിൽ പരാതി നൽകിയിരുന്നു.
Kerala
തിരുവനന്തപുരം: ഓപ്പറേഷന് ഡിഹണ്ടിന്റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1237 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 37 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.01509 കിലോഗ്രാം), കഞ്ചാവ് (0.45668 കിലോഗ്രാം), കഞ്ചാവ് ബീഡി (20 എണ്ണം) എന്നിവ പോലീസ് പിടിച്ചെടുക്കുകയുണ്ടായി.
നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് മാര്‍ച്ച് 19 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് ഡിഹണ്ട് നടത്തിയത്.
പൊതുജനങ്ങളില്‍നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്ട്രോള് റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
Kerala
കൊച്ചി: എറണാകുളം എസ്ആര്‍എം റോഡിലെ ഹോട്ടലില്‍ പോലീസുകാരെന്ന വ്യാജേന കോഴിക്കോട് സ്വദേശിയായ യുവാവിനെയും പെണ്‍സുഹൃത്തിനെയും മര്‍ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍.
ചേര്‍ത്തല വയലാര്‍ നാഗംകുളങ്ങര ജംഗ്ഷന് പീടികത്തറയില്‍ എന്‍.കെ. അമല്‍(25), എറണാകുളം പള്ളുരുത്തി കട്ടത്തറ വീട്ടില്‍ ഭവന് (36), ഇടുക്കി പാറപ്പുറ പിണക്കാട്ടുവീട്ടില്‍ തോമസ് ചാക്കോ (30) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ജിജിന് ജോസഫ്, പ്രിന്‍സിപ്പല്‍ എസ്ഐ ഗ്ലാഡ് വിന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. എസ്ആര്‍എം റോഡിലുള്ള നോവ ഹോട്ടലിലെ റിസപ്ഷന് ഏരിയയില്‍ വച്ച് പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി ഐഫോണ്‍ പിടിച്ചു വാങ്ങി. തുടര്‍ന്ന് പ്രതികള്‍ മൂവരും ചേര്‍ന്ന് പരാതിക്കാരനെ ബലം പ്രയോഗിച്ച് രണ്ടാം നിലയിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അകത്തു കയറി പെണ് സുഹൃത്തിന്റെ മുക്കാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണ ബ്രേസ്ലെറ്റ് കൈക്കലാക്കി.
പരാതിക്കാരനിൽനിന്ന് 5,000 രൂപ ബലമായി പിടിച്ചുവാങ്ങി. ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ സ്റ്റേഷനില്‍ കൊണ്ടുപോയി കള്ളക്കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തി രാവിലെ ആറുവരെ ക്രൂരമായി മര്‍ദിക്കുകയും 1,50,000 രൂപ വില വരുന്ന സാധനങ്ങള്‍ കൈക്കലാക്കുകയും ചെയ്തു.
പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാന്‍സാഫിലെ അംഗങ്ങളാണെന്നും ലഹരിക്കേസില്‍ കുടുക്കുമെന്നും പറഞ്ഞാണ് കവര്‍ച്ച നടത്തിയത്. യുവാവിനെയും യുവതിയെയും രണ്ട് മണിക്കൂറോളം മുറിയില്‍ തടങ്കലില്‍ വയ്ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
District News
അയർക്കുന്നം: സ്ഥലത്തിന്റെ സ്കെച്ച് തയാറാക്കുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. അയർക്കുന്നം വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ് കുമാരനല്ലർ സ്വദേശി നസിറുദീനാണ് (44) അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം 4.45ന് അയർക്കുന്നം വില്ലേജ് ഓഫീസിൽ 700 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടിയിലായത്. അയർക്കുന്നം സ്വദേശിയായ ഓട്ടോ ഡ്രൈവറായ സ്റ്റീഫനിൽനിന്നാണ് കൈക്കൂലി വാങ്ങിയത്.
സ്റ്റീഫന്റെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ബാങ്ക് ലോൺ എടുക്കുന്നതിന് പണയം വയ്ക്കുന്ന സ്ഥലത്തിന്റെ സ്കെച്ച് വരച്ച് ബാങ്കിൽ ഹാജരാക്കണം. ഇതിനായി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.
എന്നാൽ, 750 രൂപ നൽകിയാലേ സ്കെച്ച് വരച്ചുനൽകൂ എന്ന് അസിസ്റ്റന്റ് പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് സ്റ്റീഫൻ വിജിലൻസിനെ വിവരം അറിയിച്ചത്. ഡിവൈഎസ്പി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഇയാളെ പിടികൂടിയത്. നടപടികൾക്കു ശേഷം കോടതിയിൽ ഹാജരാക്കും. നസിറുദീൻ കൈക്കൂലി വാങ്ങുന്നെന്ന നിരന്തര പരാതികളെത്തുടർന്ന് വിജിലൻസ് നിരീക്ഷണത്തിലായിരുന്നു.
District News
ചാലക്കുടി: മദ്യലഹരിയിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അന്നമനട കാട്ടിപ്പറമ്പിൽ ഷാഫിയെയാണ് ചാലക്കുടി ഡിവൈഎസ്പി പി.കെ. ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള സഘം അറസ്റ്റ് ചെയ്തത്.
വാഴച്ചാൽ കാടർ ആദിവാസി ഉന്നതിയിലെ പ്രമീള (20 )ക്കാണ് കുത്തേറ്റത്. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ പ്രമീളയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. വാഴച്ചാൽ ഉന്നതിയിൽ വച്ചായിരുന്നു സംഭവം. മദ്യലഹരിയിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് ഷാഫി ഭാര്യയെ കുത്തുകയായിരിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി പി.കെ. ഇബ്രാഹിമിന്റെ നേതൃത്വത്തിൽ അതിരപ്പിള്ളി പോലീസ് സ്ഥലത്തെത്തി ഷാഫിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: അങ്കമാലിയിൽ വിദ്യാർഥിനിയുടെ മരണത്തിന് ഇടയാക്കിയ വാഹനമോടിച്ച പ്രതി സിറിയക് പി. ജോർജിന്റെ പിതാവ് ജോർജ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ മകനെ ഒളിപ്പിച്ച കുറ്റത്തിനാണ് അങ്കമാലി പോലീസ് ജോർജ് തോമസിനെ അറസ്റ്റ് ചെയ്തത്.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സിറിയക് ഒളിവിലാണ്. അപകടം നടന്ന ആറ് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇതിനിടെ കോട്ടയം സെഷൻസ് കോടതിയിൽ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.
ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവച്ച് ജാസ്ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.
District News
ബേക്കല്‍: ബേക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ നടന്ന മോഷണക്കേസുകളില്‍ മിന്നല്‍ വേഗത്തില്‍ പ്രതികളെ പിടികൂടി ബേക്കല്‍ പോലീസ്. ഉദുമയിലെ ക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ന്ന പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കിയ പോലീസ്, പെരിയയില്‍ നടന്ന വന്‍ കവര്‍ച്ചയിലെ പ്രതികളെയും സാഹസികമായി പിടികൂടി.
ഉദുമ കൊങ്കിണി വളപ്പില്‍ അമ്പലത്തില്‍ നടന്ന ഭണ്ഡാരം മോഷണക്കേസിലെ പ്രതിയായ ഉദുമ മാര്‍ക്കറ്റ് റോഡ് സ്വദേശി കെ.വി. സജിതാണ് (41) (കുളിയന് സജിത്) അറസ്റ്റിലായത്. ഫെബ്രുവരി 27നും മാര്‍ച്ച് ഒന്നിനും ഇടയില്‍ അമ്പലത്തിന്റെ വരാന്തയില്‍ സൂക്ഷിച്ചിരുന്ന ഭണ്ഡാരമാണ് പ്രതി കവര്‍ന്നത്. എസ്ഐ കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അതിവേഗം തിരിച്ചറിഞ്ഞത്. പ്രതിയെ ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ഫെബ്രുവരി ഏഴിന് പെരിയ നാലക്രയിലെ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് ആറേകാല്‍ പവന് സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികളെയും പോലീസ് പിടികൂടി. പാലക്കാട് അയിലൂര്‍ കുളക്കല്പറമ്പ് സ്വദേശി ജലീല്‍ (36), കാസര്‍ഗോഡ് ആലമ്പാടി മുണ്ടോള്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് (40) എന്നിവരാണ് പിടിയിലായത്. എസ്ഐമാരായ അഖില്‍ സെബാസ്റ്റ്യന്‍, യു. റോഷിത്, ജിഎഎസ്ഐ പ്രസാദ്, സ്ക്വാഡ് അംഗങ്ങളായ പി.പി. ഷൈജു, മുഹമ്മദ് ആരിഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കുടുക്കിയത്.
Kerala
ഹരിപ്പാട്: എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർഥി പിടിയിൽ. കാർത്തികപള്ളി മഹാദേവികാട് കാർത്തിക നിവാസിൽ കാർത്തിക്കിനെയാണ് (20) ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പോലിസും ചേർന്നു പിടികൂടിയത്.
ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതിയുമായി ബന്ധപ്പെട്ട് വിൽപ്പനയ്ക്ക് കൊണ്ടുവന്നതായിരുന്നു എംഡിഎംഎ. കേരളത്തിന് പുറത്ത് നഴ്സിംഗിന് പഠിക്കുന്ന ഇയാൾ നാട്ടിൽ വരുമ്പോൾ അവിടെ നിന്നും 1000 രൂപയക്ക് എംഡിഎംഎ വാങ്ങി നാട്ടിൽ കൊണ്ടുവന്ന് 5000 രൂപയ്ക്കാണ് വിറ്റിരുന്നത്.
കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐ നൗഷാദ്, എഎസ്ഐ മാരായ ശിഹാബ്, പ്രമോദ് എന്നിവരും നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടി കൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വലിയകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ലഹരി ഉപയോഗിച്ച് ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇവിടെയുള്ള ഗുണ്ടാ സംഘങ്ങൾ കേരളത്തിനു പുറത്തു പഠിക്കുന്ന വിദ്യാർഥികളെയാണ് ലഹരി കടത്തുന്നതിന് ഉപയോഗിക്കുന്നത്.
ഇയാൾ ആർക്കു വേണ്ടിയാണ് ലഹരി വസ്തുക്കൾ കൊണ്ടുവന്നതെന്നും ഇയാൾക്ക് പണം നൽകിയത് ആരാണെന്നും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
National
ന്യൂഡൽഹി: എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ രണ്ട് പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തെ കേസിൽ പ്രതികളായവരെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ഇവരുടെ ഫണ്ടിംഗ്, മറ്റ് ബന്ധങ്ങള്‍, പ്രതിഷേധത്തിന് പിന്നിലെ ഗൂഢാലോചന, ഒപ്പമുണ്ടായ മറ്റുള്ളവര്‍ എന്നീ കാര്യങ്ങൾ പോലീസ് ചോദിച്ചറിയും. ഇതിനിടയിലാണ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ആഗോള എഐ ഉച്ചകോടിയുടെ അഞ്ചാം ദിവസമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയും കർഷക വിരുദ്ധ നയങ്ങൾ ആരോപിച്ചുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രദർശന ഹാളിൽ ഷർട്ട് ഊരി പ്രതിഷേധിച്ചത്.
Kerala
ആലുവ: രാസലഹരിയുമായി യുവാക്കൾ പിടിയിൽ. പറവൂർ തൂയിത്തറയിൽ താമസിക്കുന്ന കോട്ടയം വാകത്താനം മംഗലത്ത് വീട്ടിൽ ജിനീഷ് ഹരിയപ്പൻ (30), കോമ്പാറയിൽ വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ ഇച്ചുള്ളിക്കണ്ടിപ്പറമ്പിൽ അഫ്ത്താബ് ഫിറോസ് (25) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
ആലുവയിലും പരിസരത്തുമുള്ള യുവാക്കൾക്ക് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന 1.3 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടികൂടി. ഇരുചക്രവാഹനത്തിൽ പ്രത്യേക അറയിലാണ് ലഹരി സൂക്ഷിച്ചിരുന്നത്.
ഇൻസ്പെക്ടർ ജി.പി. മനു രാജ്, എസ്ഐമാരായ നന്ദകുമാർ, എൽദോ പോൾ, എഎസ്ഐ വർഗീസ്, സിപിഒമാരായ അഫ്സൽ, മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, സിറാജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
അടൂർ: അടൂര്‍ ഇളമണ്ണൂരിന് സമീപം കെപി റോഡില്‍ കഴിഞ്ഞ ദിവസം കാല്‍നടയാത്രക്കാരെ ഇടിച്ചിട്ട കാറില്‍ സഞ്ചരിച്ചിരുന്ന യുവാക്കളെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര രാജഗോപാല്‍ നഗര്‍കോവില്‍ പെട്ടിയില്‍ സൂര്യ(24) ആണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളെ കൂടാതെ മധുര മാവട്ടം രാജഗോപാല്‍ നഗറില്‍ ശക്തി(20),തെങ്കാശി കോട്ടപ്പുറം ആലുംമൂട് സ്വദേശി സതീഷ്(21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി.
ഞായറാഴ്ച വൈകുന്നേരം നടന്ന അപടകത്തില്‍ ഇളമണ്ണൂര്‍ കുന്നുവിള കിഴക്കേതില്‍ ഉഷ (65) മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന ശാന്തക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശാന്തയോടൊപ്പം ഉണ്ടായിരുന്ന ചെറുമകന് പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇവര്‍ ഇളമണ്ണൂര്‍ ക്ഷേത്ര ഉത്സവത്തിനായി നടന്നു പോവുകയായിരുന്നു. അടൂര്‍ ഭാഗത്തുനിന്ന് പത്തനാപുരം ഭാഗത്തേക്ക് അമിത വേഗതയില്‍ പാഞ്ഞെത്തിയ കെ എൽ-07 എ ജി 1431 മാരുതി 800 കാറാണ് വഴിയാത്രികരായ സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോകുകയും ചെയ്തു.തുടര്‍ന്ന് നാട്ടുകാരുടെ കൂടി സഹായത്തോടെ പുനലൂരില്‍ നിന്ന് കാറിലുണ്ടായിരുന്നവരെ
പിടികൂടുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്നത്.
മൂവരെയും അടൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മൂന്നുപേരും മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മദ്യലഹരിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയതിനും വാഹനം നിര്‍ത്താതെ പോയതിനും ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഗതാഗത നിയമലംഘനങ്ങള്‍ ഉള്‍പ്പെടെ ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കും, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും എതിരെയുള്ള നടപടികള്‍ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്.ആനന്ദ് അറിയിച്ചു
National
ശ്രീനഗർ: അന്തർസംസ്ഥാന ബന്ധമുള്ള 209 കോടിയുടെ ഓൺലൈൻ നിക്ഷേപ തട്ടിപ്പ് സംഘം ജമ്മുകാഷ്മീർ പോലീസിന്റെ പിടിയിൽ.
സംഘത്തലവനായ ഡൽഹി സ്വദേശി ഉൾപ്പെടെ ഒന്‍പതുപേരാണ് അറസ്റ്റിലായത്. പോലീസ് ഇതുവരെ 835 അക്കൗണ്ടുകൾ പരിശോധിച്ചു.
290 അക്കൗണ്ടുകളിൽനിന്നുള്ള പണമിടപാടുകളും കണ്ടെത്തി. രാജ്യമെന്പാടുംനിന്നായി 209 കോടിരൂപയുടെ ഇടപാടാണു നടന്നിരിക്കുന്നത്. ഇത് 400 കോടിവരെ എത്തിയേക്കാമെന്നു പോലീസ് പറഞ്ഞു.
District News
മാന്നാർ: ചെന്നിത്തലയിൽ രോഗീപരിചരണത്തിനായി നിന്ന വീട്ടിൽ മോഷണം നടത്തിയ ഹോം നഴ്സ് അറസ്റ്റിൽ. ചങ്ങനാശേരി പെരുന്ന എസി നഗറിൽ ഷീജ (34) യെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലയിലുള്ള ഏജൻസി വഴിയാണ് പ്രതിയായ യുവതിയെ ജോലിക്ക് വിളിച്ചത്.
ജോലിക്കെത്തി രണ്ടാം ദിവസം മോഷണം നടത്തി കടന്നുകളയുകയായിരുന്നു. വീട്ടുടമ വാങ്ങിവച്ചിരുന്ന പുതിയ വസ്ത്രങ്ങളും പണവും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ 30,000 രൂപയോളം വിലവരുന്ന സാധനങ്ങളും മോഷണം പോയതായി വീട്ടുടമ നൽകിയ പരാതിയിൽ പറയുന്നുണ്ട്.
മാന്നാർ പോലീസ് ഇൻസ്പെക്ടർ രജീഷ് കുമാർ, എസ്ഐ വിഷ്ണു അജയ്, സീനിയർ സിപിഒമാരായ അജിത്കുമാർ, ഷിജു, വനിതാ സിപിഒ മേഘ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
നെയ്യാറ്റിൻകര: കിളിമാനൂരില്‍ ജീപ്പിടിച്ച് ഇരുചക്രവാഹന യാത്രികരായ ദമ്പതികള്‍ മരിച്ച സംഭവത്തിൽ പ്രതിയായ കാരക്കോണം സ്വദേശി വിഷ്ണുവിനെ പിടികൂടി. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നെയ്യാറ്റിൻകരയിൽനിന്നാണ് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ മൂന്നിന് വൈകുന്നേരം സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ വിഷ്ണു ഓടിച്ച ഥാർ ജീപ്പിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതിയാണ് മരിച്ചത്. പിന്നീട്, കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വച്ച് രജിത്തും മരിച്ചു.
നേരത്തെ, വിഷ്ണുവിനെ ഒളിവിൽ പോകാൻ സഹായിച്ച നെയ്യാറ്റിൻകര അതിയന്നൂർ കൊച്ചു മണ്ണെറ വീട്ടിൽ ആദർശ് (36) അറസ്റ്റിലായിരുന്നു. ആദർശിന്റെ ഫോൺ പ്രതി ഉപയോഗിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടർന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
Kerala
ചങ്ങരംകുളം:മൂക്കുതലയില്‍ കണ്ണേങ്കാവ് ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന് കല്ലേറില്‍ പരിക്കേറ്റു. മൂക്കുതല മാക്കാലി ഭാഗത്ത് പുലര്‍ച്ചെ ഉണ്ടായ വരവുകള്‍ക്കിടെയാണ് ഇരുവിഭാഗം തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
സംഭവം അറിഞ്ഞ് സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് എത്തി ഇരു വിഭാഗങ്ങളെയും പിരിച്ച് വിടുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പെരുമ്പടപ്പ് സ്റ്റേഷനിലെ സുജിത്ത് എന്ന പോലീസുകാരന് കല്ലേറില്‍ പരിക്കേറ്റത്.
തലക്ക് പൊട്ടലേറ്റ സുജിത്തിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. ഉത്സവത്തിനിടെ ലഹള ഉണ്ടാക്കി പോലീസിനെ അക്രമിച്ച് ഗുരുതമായി പരിക്കേല്പിച്ച വകുപ്പുകള്‍ ചുമത്തി ചങ്ങരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ ഇരു വിഭാഗത്തിലും പെട്ട ഒമ്പത് പേരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തില്‍ പോലീസ് വലിയ സുരക്ഷയിലാണ് ഉത്സവം നടന്നത്.
National
ന്യൂഡൽഹി: പുതുവർഷ ദിനത്തോടനുബന്ധിച്ചു ഡൽഹി പോലീസ് നടത്തിയ റെയ്ഡിൽ ഇരുനൂറിലധികം പേർ അറസ്റ്റിൽ. ഓപ്പറേഷൻ ആഘാത് 3.0 എന്ന പേരിൽ നടത്തിയ റെയ്ഡിൽ അനധികൃത ആയുധങ്ങൾ, മയക്കുമരുന്നുകൾ, മോഷണവസ്തുക്കൾ, അനധികൃത പണം എന്നിവ പോലീസ് പിടികൂടി.
എക്സൈസ് നിയമം, എൻഡിപിഎസ് നിയമം, ചൂതാട്ട നിയമം എന്നിവയ്ക്കു കീഴിലുള്ള കുറ്റകൃത്യങ്ങൾ പ്രകാരമാണ് അറസ്റ്റുകൾ. പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ തടയുന്നതു ലക്ഷ്യമിട്ടാണ് ഡൽഹി പോലീസ് വ്യാപക റെയ്ഡുകൾ നഗരത്തിലുടനീളം നടത്തിയത്.
സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്നവർ, തെരുവ് കുറ്റവാളികൾ, സ്ഥിരം നിയമലംഘകർ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിലേറെയും. ഇത്തരത്തിൽ 285 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഞ്ഞൂറിലധികംപേരെ പുതുവത്സര ആഘോഷങ്ങളിലുണ്ടാകാൻ സാധ്യതയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
21 നാടൻ തോക്കുകൾ, 20 വെടിയുണ്ടകൾ, 27 കത്തികൾ, ആറു കിലോ കഞ്ചാവ്, അനധികൃത മദ്യം, രണ്ടു ലക്ഷത്തിലധികം രൂപ, 310 മൊബൈൽ ഫോണുകൾ, 231 ഇരുചക്ര വാഹനങ്ങൾ എന്നിവയാണ് ഓപ്പറേഷൻ ആഘാതിൽ പിടിച്ചെടുത്തത്. ഇതിൽ പലതും മോഷണവസ്തുക്കളാണെന്നും പോലീസ് അറിയിച്ചു.
International
ധാക്ക: ബംഗ്ലാദേശിൽ ആൾക്കൂട്ട ആക്രമണത്തിൽ ഹൈന്ദവ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ 12 പേർ അറസ്റ്റിലായി.
ഇടക്കാല ഭരണകൂടത്തെ നയിക്കുന്ന മുഹമ്മദ് യൂനുസ് ആണ് ഇക്കാര്യം അറിയിച്ചത്. ഏഴു പേരെ റാപ്പിഡ് ആക്ഷൻ ബറ്റാലിയനും ശേഷിക്കുന്നവരെ പോലീസുമാണ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥി നേതാവ് ഒസ്മാൻ ഹാദി കൊല്ലപ്പെട്ടതിനെത്തുടർന്ന് ബംഗ്ലാദേശിലുണ്ടായ അക്രമസംഭവങ്ങൾക്കിടെയാണ് മൈമൻസിംഗ് എന്ന സ്ഥലത്ത് ദീപു ചന്ദ്ര ദാസ് എന്ന ഇരുത്തേഴുകാരൻ മചരിച്ചത്.
മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ഇദ്ദേഹത്തെ മർദിച്ചു കൊന്ന ശേഷം തീകൊളുത്തുകയായിരുന്നു. ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ അടക്കമുള്ള സംഘടനകൾ സംഭവത്തെ അപലപിച്ചു.
Kerala
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ച് പ്രവേശിച്ച ശ്രീലങ്കൻ പൗരൻ അറസ്റ്റിൽ. ഇയാളെ ഫോർട്ട് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്.
ഇയാളുടെ രേഖകൾ ഉൾപ്പടെ പോലീസ് പരിശോധിച്ചു. സ്മാർട്ട് ഫോൺ സ്ക്രീനിൽ നോക്കുന്നതുപോലെ സന്ദേശങ്ങളും ഫോട്ടോകളും കാണാൻ കഴിയും വിധമുള്ള ഗ്ലാസിൽ കാമറയുണ്ടെന്ന് പോലീസ് പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് കാമറയുള്ള കണ്ണടയുമായി കയറിയ ഗുജറാത്ത് സ്വദേശിയും അറസ്റ്റിലായിരുന്നു. കണ്ണടയിൽ ലൈറ്റ് മിന്നുന്നത് കണ്ടതോടെ പോലീസ് പരിശോധന നടത്തിയപ്പോഴാണ് കാമറ കണ്ടെത്തിയത്.
Kerala
തലശേരി: നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിക്കുനേരെ അക്രമം നടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. പാനൂർ പാറാട് പുത്തൂർ ക്ലബ്ബിന് സമീപം താമസിക്കുന്ന മുഹമ്മദ് അജ്മൽ (27) ആണ് അറസ്റ്റിലായത്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു..
സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും പ്രതിയുടെ ചിത്രം വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുന്നതിനിടെ തലശേരി നാരങ്ങാപ്പുറത്തുള്ള മറ്റൊരു വീട്ടിലും പ്രതി കയറിയതായി പോലീസിനു വിവരം ലഭിച്ചു. തുടർന്നു പോലീസ് സംഘം ടൗണിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ തെരച്ചിൽ നടത്തിയാണ് പ്രതിയെ പിടികൂടിയത്.
സ്റ്റേഷനിലെത്തിച്ച പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞു. പ്രതിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ബലാത്സംഗം, കവർച്ച എന്നിവയുൾപ്പെടെ നാല് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
Kerala
തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേര്‍ അറസ്റ്റിൽ. ബംഗളൂരുവിൽ രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന് ബംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്ന് പോലീസ് അറിയിച്ചു. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പോലീസ് പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
മലയാളിയായ ജോസ് വർഷങ്ങളായി ബംഗളൂരുവിലാണ് താമസം. രാഹുലിനെ ഒളിവിൽ പോകാനായി കർണാടകയിൽ എല്ലാ സഹായവും ചെയ്തത് ജോസായിരുന്നു.
അതേസമയം ലൈംഗിക പീഡനകേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘം ബംഗളൂരുവിലേക്ക് തിരിച്ചിരുന്നു. ഇതിനിടെയാണ് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പോലീസ് പിടികൂടുന്നത്.
രാഹുലിനെതിരായ രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പോലീസ്. രണ്ടാം കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യേപക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
Kerala
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ ചിത്രവും മറ്റു വിവരങ്ങളും ഫേയ്സ്ബുക്കിൽ പങ്കുവച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടിൽ സിജോ ജോസ് (45) ആണ് അറസ്റ്റിലായത്.
അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തിൽ ചിത്രവും മറ്റു വിവരങ്ങളും ഇവരുടെ അറിവും സമ്മതവും ഇല്ലാതെ സിജോ ജോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി പോലീസ് പറഞ്ഞു. ഇതിനായി പ്രതി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു.
പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും ഇയാളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അതിജീവിതയെ അപമാനിച്ച കേസിൽ മൂന്നുപേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്തെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ഒളിവിലായിരുന്ന ഗുണ്ടാനേതാവ് പിടിയില്‍. എയര്‍പോര്‍ട്ട് ഡാനിയെയാണ് വഞ്ചിയൂര്‍ പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബാംഗ്ലൂരില്‍ ഒളിവിലായിരുന്ന പ്രതിയെ തിരുവനന്തപുരത്തുനിന്നാണ് പോലീസ് പിടികൂടിയത്.
ഇയാള്‍ വിദേശത്താണെന്നാണ് പോലീസ് കരുതിയിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വിദേശത്താണെന്ന വിധത്തില്‍ ഫോട്ടോകള്‍ ഇട്ടിരുന്നു. എതിരാളികളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് വിദേശത്താണെന്ന് പ്രചരിപ്പിച്ചതെന്നാണ് ഡാനി പോലീസിനോട് പറഞ്ഞത്.
തെരഞ്ഞെടുപ്പുസമയത്ത് ഇയാള്‍ തലസ്ഥാനത്തെത്തിയതില് സംശയമുണ്ടെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ഇയാളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് പോലീസ്.
District News
ഗാന്ധിനഗർ: മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിക്കു സമീപം കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന മധ്യവയസ്കൻ പിടിയിൽ. മാന്നാനം കുട്ടിപ്പടി പട്ടത്താനം വീട്ടില്‍ ജിജിമോന് (52) ആണ് പിടിയിലായത്. ഗാന്ധിനഗർ എസ്എച്ച്ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
സംഘത്തിൽ എസ്ഐ ജയപ്രകാശ് എൻ, പ്രൊബേഷൻ എസ്ഐ എം.ആർ. ജിബീഷ്, എസ്സിപിഒ ടി.ആർ. രഞ്ജിത്ത്, സിപിഒമാരായ കിഷോർ മോഹൻ, സുനു ഗോപി, ലിബിൻ മാത്യു എന്നിവർ ഉണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തൃശൂർ: അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും ആൺ സുഹൃത്തും പിടിയിൽ. മുണ്ടൂർ സ്വദേശി തങ്കമണി (75)യുടെ കൊലപാതകത്തിൽ മകൾ സന്ധ്യയും കാമുകൻ നിധിനുമാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
അമ്മ തലയടിച്ചു വീണു മരിച്ചുവെന്നാണ് സന്ധ്യ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സന്ധ്യ(45)യും കാമുകനും അയൽവാസിയുമായ 27കാരൻ നിധിനും ചേർന്നാണ് കൊല നടത്തിയത്. തങ്കമണിയെ തലയ്ക്കടിച്ചു കൊന്ന ശേഷം മൃതദേഹം രാത്രി പറമ്പിൽ കൊണ്ടിടുകയായിരുന്നു.
തങ്കമണിയുടെ സ്വർണാഭരണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഇവർക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിധിൻ അവിവാഹിതനാണ്. കൊലയ്ക്കു ശേഷം തലയടിച്ചു വീണു മരിച്ചതാണെന്നു സന്ധ്യ ഭർത്താവിനേയും കുടുംബക്കാരേയും വിശ്വസിപ്പിക്കുകയായിരുന്നു.
Kerala
ചാലക്കുടി: തൃശൂരിൽ വില്‍പ്പനക്കായി എത്തിച്ച ഒമ്പതുകിലോ കഞ്ചാവുമായി പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശികളായ രണ്ടു പേരെ പോലീസ് പിടികൂടി. ഹിറ്റ്ലര്‍ ഷെയ്ക്ക് (43), നൂര്‍ ഇസ്ലാം (35) എന്നിവെരയാണ് പിടികൂടിയത്.
നമ്പര്‍ വ്യക്തമല്ലാത്ത മോട്ടോര്‍സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് വാഹനത്തിന്റെ മുന്‍വശത്ത് നമ്പര്‍ ഇല്ലാത്തതായി കണ്ടത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലും പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗുകളിലും സഞ്ചികളിലുമായി ഒമ്പതുകിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
Kerala
മലപ്പുറം: ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. കോട്ടയ്ക്കൽ ഔഷധി റോഡിലെ വെള്ളക്കാട് വീട്ടിൽ വി.കെ. ഷഫീർ ആണ് അറസ്റ്റിലായത്.
ഇയാളിൽ നിന്നും 5.1കിലോ കഞ്ചാവ് പിടികൂടി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 11.5 കിലോ കഞ്ചാവും 20.88 ലക്ഷം രൂപയും കണ്ടെടുത്തു. ചങ്കുവെട്ടി -കോട്ടക്കൽ റോഡിൽവച്ചാണ് ഇയാൾ കഞ്ചാവുമായി പിടിയിലായത്.
എക്സൈസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. 6310 രൂപയും ഇയാളുടെ കൈവശമുണ്ടായിരുന്നു. തുടർന്നാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയതും കൂടുതൽ കിലോ കഞ്ചാവും പണവും കണ്ടെത്തിയതും.
കോട്ടക്കലും പരിസരപ്രദേശങ്ങളിലും വിൽക്കാൻ സൂക്ഷിച്ച കഞ്ചാവാണ് എക്സൈസ് പിടികൂടിയത്.
Kerala
കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മൂമ്മ റോസിലിയുടെ അറസ്റ്റ് രേഖപ്പെടുത്തി. മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പോലീസ് പരിശോധിക്കും.
അങ്കമാലി കറുകുറ്റിയിൽ ആന്റണി റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
അമ്മൂമ്മ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മുറിവിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണുള്ളത്.
Kerala
മലപ്പുറം: വില്പനക്കായി സൂക്ഷിച്ച 20 ലക്ഷം രൂപ വിലമതിക്കുന്ന 416 ഗ്രാം എംഡിഎംഎയുമായി കായികാധ്യാപകൻ പിടിയിൽ. മലപ്പുറം കുട്ടിലങ്ങാടി കടുങ്ങോത്ത് സ്വദേശി ചേലോടന്‍ മുജീബ് റഹ്മാനെ(32) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങാടിപ്പുറം പുത്തനങ്ങാടിയില്‍ എംഇഎസ് ഹോസ്പിറ്റലിന് സമീപം പ്രതി താമസിച്ചിരുന്ന ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
ഡാന്‍സാഫ് എസ്ഐ ഷിജോ സി. തങ്കച്ചനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം ജില്ലയിലും പുറത്തുമായി നിരവധി സ്കൂളുകളിൽ ഇയാൾ കായികാധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പാണ് ഇയാൾ ലഹരിക്കടത്ത് തുടങ്ങിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഡല്‍ഹി, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ഇയാൾ എംഡിഎംഎ, മെത്താ ഫിറ്റമിന്‍ തുടങ്ങിയ സിന്തറ്റിക് ലഹരിമരുന്നുകള്‍ വന്‍തോതില്‍ എത്തിക്കുന്നത്.
Kerala
തിരുവനന്തപുരം: നടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പോര്‍ട്ടര്‍ അറസ്റ്റില്‍. കഴിഞ്ഞ വ്യാഴാഴ്ച കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തിയ നടിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ റെയില്‍വേ പോര്‍ട്ടറായ അരുണിനെ പേട്ട പോലീസ് അറസ്റ്റു ചെയ്തു.
ഷൂട്ടിംഗ് സംബന്ധമായ യാത്രയ്ക്കായി സ്റ്റേഷനിലെത്തിയ നടിയോട് അപ്പുറത്തെ പ്ലാറ്റ്ഫോമിലേക്കു കടക്കാന്‍ സഹായിക്കാമെന്ന് ഇയാള്‍ പറഞ്ഞു. റെയില്‍വേ ലൈന്‍ മുറിച്ചുകടക്കേണ്ടെന്നും നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിന്റെ എസി കോച്ച് വഴി അപ്പുറത്തെത്തിക്കാമെന്നും വിശ്വസിപ്പിച്ചു.
തുടര്‍ന്ന് ട്രെയിന്‍ കയറി അപ്പുറത്തെത്തി പ്ലാറ്റ്ഫോമിലേക്ക് വലിഞ്ഞുകയറാന്‍ തുടങ്ങുമ്പോള്‍ ദേഹത്ത് കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി. റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇയാളെ ന്യായീകരിച്ച് സംസാരിച്ചതിനെത്തുടര്‍ന്ന് നടി പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇയാളെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
Kerala
കോട്ടയം: ജില്ലയിലെ തന്നെ വലിയ അനധികൃത മദ്യവിൽപ്പനക്കാരൻ പിടിയിൽ. സെലിബ്രെഷൻ സാബു എന്നു വിളിക്കുന്ന തൃക്കൊടിത്താനം കണ്ടത്തിൽപറമ്പ് ചാർലി തോമസ് (47) ആണ് എക്സൈസിന്റെ പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നാലുകോടി വളയംകുഴി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇയാൾ അറസ്റ്റിലായത്.
വളയം കുഴി മോസ്കോ ഭാഗത്ത് റബർ കമ്പനികളും അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളും കേന്ദ്രികരിച്ച് വ്യാജമദ്യ വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുൻപ് നിരവധി തവണ പരിശോധനകൾ നടത്തിയെങ്കിലും മദ്യ ശേഖരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് ഷാഡോ എക്സൈസ് അംഗങ്ങളായ കെ. ഷിജു , പ്രവീൺ കുമാർ എന്നിവർ കമ്പനി സെയിൽസ് എക്സിക്യൂട്ടിവ് എന്ന വ്യാജേന ആഴ്ചകളോളം ഈ ഭാഗത്ത് നടത്തിയ രഹസ്യാന്വേഷണത്തിന് ഒടുവിലാണ് പ്രതി ചാർളിയുടെ വ്യാജ മദ്യ ഗോഡൗൺ കണ്ടെത്താൻ കഴിഞ്ഞത്.
204 കുപ്പികളിൽ നിന്നായി 102 ലിറ്റർ മദ്യം പ്രതിയിൽ നിന്ന് കണ്ടെടുത്തു. 400 രൂപയുടെ മദ്യം 550 രൂപ നിരക്കിൽ ദിവസം 150 കുപ്പിയോളം വിറ്റു വന്നിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് മുതൽ തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
2019ൽ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു സുധീഷ് കുമാർ. ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയാണ് സുധീഷ് കുമാർ പോറ്റിയെ സ്പോൺസർ ആക്കാമെന്ന ശിപാർശ ബോർഡിന് നൽകിയത്.
സ്വർണം പൊതിഞ്ഞത് എന്ന് അറിഞ്ഞിട്ടും പാളികൾ ഇളക്കിയ സമയത്തും ചെമ്പ് എന്ന് രേഖപ്പെടുത്തി. ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റി അല്ലാതിരുന്നിട്ടും മഹസറിൽ പോറ്റിയുടെ പേര് എഴുതിയതും സുധീഷ് കുമാരായിരുന്നു. സ്വർണം കവരാൻ മുരാരി ബാബുവിനൊപ്പം ചേർന്ന് സഹായം ചെയ്തെന്നാണ് നിഗമനം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായിയായിരുന്ന സി.കെ. വാസുദേവനെയും എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
District News
പേരൂര്‍ക്കട: കത്തിക്കുത്തിനിടെ യുവാവ് മരിച്ച സംഭവത്തില്‍ രണ്ടുപേരെ കരമന സിഐ അനൂപ്, എസ്ഐമാരായ ശ്രീജിത്ത്, അജിത്ത്, സതീഷ്കുമാർ, എസ്സിപിഒ കൃഷ്ണകുമാര്‍, സിപിഒമാരായ ഹിരണ്‍, അജികുമാർ, ശരത്ത്, ശ്യാംമോഹന് എന്നിവര്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
മണക്കാട് കുര്യാത്തി എം.എസ്.കെ നഗറിൽ അജീഷ്കുമാര്‍ (39), നേമം കരുമം ഇടഗ്രാമം സുനിതാലയത്തില്‍ വാടകയ്ക്കു താമസിക്കുന്ന അജി എന്ന അജയന് (38) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഇരുവരും ബന്ധുക്കളാണ്. കരുമം ഇടഗ്രാമം സ്വദേശി ഷിജോ (34) യാണ് കത്തിക്കുത്തിനിടെ മരണപ്പെട്ടത്. അറസ്റ്റിലായ അജയന് ഭാര്യ പ്രീതയുമായി പിണങ്ങിക്കഴിയുകയാണ്. ഇതിന്റെ കാരണം ചോദിക്കുന്നതിനായി പ്രീതയുടെ സഹോദരനായ രാഹുല്‍ തന്റെ സുഹൃത്തുക്കളായ ഷിജോ, ജോജോ, ടെല്ജിന് എന്നിവരുമായി കഴിഞ്ഞദിവസം ഇടഗ്രാമത്ത് അജയന് താമസിക്കുന്ന വാടകവീട്ടിലെത്തിയിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
തർക്കത്തിനിടെ അജയന് തന്റെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷിജോ, ജോജോ എന്നിവരെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അജീഷ്കുമാര്‍ രാഹുലിനെയും സുഹൃത്തുക്കളെയും ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിജോ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. ജോജോ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയാണ്. ഫോര്‍ട്ട് എസി ബിനുകുമാറിന്റെ നിർദേശപ്രകാരമായിരുന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.
National
ചെന്നൈ: വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകനെയും സംഭവം മറച്ചുവച്ച പ്രധാനാധ്യാപികയെയും പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തഞ്ചാവൂർ പട്ടുക്കോട്ടയിലാണ് സംഭവം.
എട്ടുപുലിക്കാട് ഗവ. മിഡിൽ സ്കൂൾ അധ്യാപകൻ ഭാസ്കർ, പ്രധാനാധ്യാപിക വിജയ എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകനിൽ നിന്നുള്ള മോശം അനുഭവം വിദ്യാർഥിനി വീട്ടിൽ അറിയിച്ചതിനെ തുടർന്നു മാതാപിതാക്കൾ പ്രധാനാധ്യാപികയോടു പരാതിപ്പെട്ടെങ്കിലും ഇവർ പരാതി അവഗണിച്ചു.
ഇതേത്തടുർന്നു മാതാപിതാക്കളുടെ നേതൃത്വത്തിൽ നാട്ടുകാർ സ്കൂൾ ഉപരോധിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. ഭാസ്കറിനെ ചോദ്യം ചെയ്തതിൽനിന്ന് ഇയാൾ മറ്റു നിരവധി കുട്ടികളെയും ഇത്തരത്തിൽ പീഡിപ്പിച്ചതായി തെളിഞ്ഞെന്നു പോലീസ് പറഞ്ഞു.
Kerala
കൽപ്പറ്റ: മലയാളിയിൽനിന്ന് വെർച്വൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തയാളെ രാജസ്ഥാനിൽനിന്നു പിടികൂടി വയനാട് സൈബർ ക്രൈം പോലീസ്. രാജസ്ഥാൻ ബിക്കാനീർ സ്വദേശിയായ ശ്രീരാം ബിഷ്ണോയി (28) ആണ് അറസ്റ്റിലായത്.
വയനാട് പടിഞ്ഞാറത്തറ സ്വദേശിയായ ഐടി ജീവനക്കാരനിൽ നിന്നാണ് ഇയാൾ അഞ്ചു ലക്ഷത്തോളം രൂപ കവർന്നത്. വെർച്വൽ അറസ്റ്റ് ചെയ്തതായി ഭീഷണിപ്പെടുത്തിയാണ് ഇത് നടപ്പാക്കിയത്. 2024 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
യുവാവിനെ സ്കൈപ് വഴി ബന്ധപ്പെട്ട തട്ടിപ്പുകാർ ഇയാളുടെ പേരിൽ വിവിധ ബാങ്കുകളിൽ വ്യാജ രേഖകൾ സമർപ്പിച്ച് വായ്പകൾ നേടിയതായി വിവരമുണ്ടെന്നും അതിന്റെ പേരിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
അറസ്റ്റ് ഒഴിവാക്കാനായി യുവാവിന്റെ അക്കൗണ്ടിലെ പണം അടുത്ത ബന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റാൻ നിർദേശിച്ചു. ബാങ്ക് അക്കൗണ്ടിൽ പ്രീ അപ്രൂവ്ഡ് ആയി ഉണ്ടായിരുന്ന വ്യക്തിഗത വായ്പാ തുക പ്രതികളുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് തട്ടിപ്പുകാർ ചെയ്തത്.
തട്ടിപ്പ് തിരിച്ചറിഞ്ഞ പരാതിക്കാരൻ സൈബർ പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യുകയും തുടർന്ന് പടിഞ്ഞാറത്തറ പോലീസ് കേസെടുക്കുകയുമായിരുന്നു.
Kerala
കുമളി: കേരളത്തിലേക്ക് വില്‍പ്പനയ്ക്കായി കടത്തിയ 46.5 കിലോ കഞ്ചാവുമായി അമ്മയും രണ്ടു മക്കളും ഉൾപ്പെടെ നാലു പേർ പിടിയിൽ. ആന്ധ്രപ്രദേശ് സ്വദേശികളായ രാജേഷ് കണ്ണന്, ബില്ലി രാമലക്ഷ്മി, മകന് ദുര്‍ഗ പ്രകാശ്, പ്രായപൂര്‍ത്തിയാകാത്ത മകന് എന്നിവരാണ് കമ്പം പോലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ആന്ധ്രപ്രദേശില്‍നിന്ന് ആഡംബര കാറിലെത്തിയ കുടുംബത്തെ കുമളിക്ക് സമീപം തമിഴ്നാട് പോലീസ് തടയുകയായിരുന്നു. ഒരേ കുടുംബത്തിലുള്ളവരായതിനാൽ സംശയം തോന്നില്ലെന്നാണ് പ്രതികൾ കരുതിയത്.
അമ്മയും രണ്ട് മക്കളുമടക്കം നാല് പേരാണ് കാറിലുണ്ടായിരുന്നത്. എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ ഇവർ കുടുങ്ങുകയായിരുന്നു. പരിശോധനയില്‍ ട്രാവല്‍ ബാഗില്‍ സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
അഞ്ച് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. അവധിക്കാലം ആഘോഷിക്കാന്‍ വന്നതാണെന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്താനും വില്‍ക്കാനും പദ്ധതിയിട്ടിരുന്നതായും ഇവര്‍ മൊഴി നല്കി. കാര്‍ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റൂ ആർട്ടിസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറുവക്കോണത്ത് ടാറ്റു സ്റ്റുഡിയോ നടത്തുന്ന റോബിൻ ജോണിനെയാണ് അറസ്റ്റ് ചെയ്തത്.
മദ്യലഹരിയിൽ റോബിൻ ഓടിച്ച കാര്‍ ബൈക്കുകാരനെ ഇടിച്ചിരുന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ അവിടെ കൂടിയവർക്കുനേരെ തോക്ക് ചൂണ്ടുകയായിരുന്നു. പിന്നീട് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലൈസന്‍സുള്ള തോക്കാണെന്ന് റോബിൻ മൊഴി നൽകിയെങ്കിലും ഇതുവരെ ലൈസന്‍സ് ഹാജരാക്കിയിട്ടില്ല. വധശ്രമത്തിന് കേസെടുത്തെന്ന് പോലീസ് പറഞ്ഞു.
Kerala
കൽപ്പറ്റ: റിസോര്ട്ടിൽക്കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. ചീരാല്‍ മേച്ചേരി മഠം വീട്ടില്‍ ജോഷ്വ വര്‍ഗീസ് (35) നെയാണ് ബംഗളൂരുവില്‍ നിന്ന് സുൽത്താൻബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22ന് രാത്രിയില്‍ ബത്തേരി പൂതിക്കാട് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ രണ്ടു കാറുകളിലായെത്തിയാണ് സംഘം ആക്രമണം നടത്തിയത്. അതിക്രമിച്ച് കടന്ന ആറംഗ സംഘം ജീവനക്കാരെ മർദിച്ചതിനൊപ്പം റിസോർട്ട് അടിച്ച് തകർക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ പുത്തന്‍ക്കുന്ന് തെക്കുംകാട്ടില്‍ വീട്ടില്‍ ടി.നിഥുന്(35), ദൊട്ടപ്പന്‍കുളം നൂര്‍മഹല്‍ വീട്ടില്‍ മുഹമ്മദ് ജറീര്‍ (32), കടല്‍മാട് കൊച്ചുപുരക്കല്‍ വീട്ടില്‍ അബിന്‍ കെ.ബവാസ് (32), ചുള്ളിയോട് പനച്ചമൂട്ടില്‍ വീട്ടില്‍ പി.അജിന് ബേബി (32) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: ആഡംബര കാറിന് വേണ്ടിയുള്ള തർക്കത്തിനിടെ മകനെ കമ്പിപ്പാരകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വഞ്ചിയൂർ പോലീസ് പരിധിയിൽ നടന്ന സംഭവത്തിൽ വിനയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ മകൻ ഹൃത്വിക്ക് (28) ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മകൻ ആഡംബര കാര്‍ വേണമെന്നെന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദൻ മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ തനിക്ക് ഒരു ആഡംബര കാർ വേണമെന്നതായിരുന്നു ഹൃത്വിക്കിന്റെ അടുത്ത ആവശ്യം. ഇപ്പോൾ അതിനുള്ള സാന്പത്തിക സ്ഥിതി ഇല്ലെന്ന് അച്ഛൻ പറഞ്ഞത് മകനെ ചൊടിപ്പിച്ചു.
അത് വലിയ വഴക്കിലേക്കും കൈയാങ്കളിയിലേക്കും നയിക്കുകയായിരുന്നു. ഇതിനിടെയാണ് അച്ഛൻ കമ്പിപ്പാരകൊണ്ട് മകന്റെ തലയ്ക്കടിച്ചത്.
Kerala
കൊച്ചി: കുണ്ടന്നൂരിലെ സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്ന കേസിൽ മുഖ്യസൂത്രധാരനടക്കം ഏഴു പേര് അറസ്റ്റിൽ. എറണാകുളം ജില്ലാ അഭിഭാഷകൻ അടക്കമുള്ളവരാണ് പിടിയിലായത്. ഇയാളാണ് മുഖ്യസൂത്രധാരനെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അഭിഭാഷകൻ ഉൾപ്പെടെ അഞ്ചുപേരെ പോലീസ് റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായവരിൽ ബുഷറ എന്ന സ്ത്രീയമുണ്ട്. ഇതുവരെ പിടിയിലായവരെല്ലാം പണം ഇരട്ടിപ്പിക്കൽ സംഘത്തിന്റെ ഭാഗമാണെന്നാണ് പോലീസ് പറയുന്നത്.
പിടിയിലായവരിൽ ഒരാള്‍ മുഖം മൂടി ധരിച്ച് പണം തട്ടിയവരുടെ കൂട്ടത്തിലുള്ളയാലാണ്. മറ്റു ആറുപേര്‍ കുറ്റകൃത്യം ആസൂത്രണം ചെയ്തവരാണ്. തൃശൂര്‍ വലപ്പാട് നിന്നും എറണാകുളത്തുനിന്നുമാണ് പ്രതികള്‍ പിടിയിലായത്.
മുഖം മൂടി ധരിച്ചെത്തിയ മറ്റു രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. കവര്‍ച്ചയിൽ നേരിട്ട് പങ്കെടുത്ത ഒരാളുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
National
ലക്നോ: മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. യുപിയിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ അമ്മ സീമയും കാമുകൻ യതേന്ദ്രയുമാണ് അറസ്റ്റിലായത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മറ്റൊരാളെ കേസിൽ കുടുക്കാൻ ഇവർ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
സമീപവാസിയായ വീട്ടമ്മ തന്റെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സീമ നരോറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കുട്ടിയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സീമയും കാമുകൻ യതേന്ദ്രയും പിടിയിലായത്. മുന്നോട്ടുള്ള ജീവിതത്തിൽ കുട്ടി തടസമാകുമെന്ന് കരുതിയാണ് കൊല നടത്തിയതെന്ന് ഇവർ പോലീസിൽ മൊഴി നൽകി.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നരോരയിലെ കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സീമയും കാമുകനും സ്റ്റേഷനിൽ പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു.
Kerala
പാലക്കാട്: ലഹരി വിൽപ്പനയ്ക്കായി ഹോട്ടലിൽ മുറിയെടുത്ത യുവതി ഉൾപ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെള്ളയില്‍ കലിയാട്ടുപറമ്പില്‍ മര്‍ജീന ഫാത്തിമ, മണ്ണാര്‍ക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടന്‍ മുനീർ, മലപ്പുറം തിരൂർക്കാട് സ്വദേശി നിഹാൽ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് എംഡിഎംഎയും, കഞ്ചാവും, ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും, ലൈംഗിക ഉത്തേജക മരുന്നും പോലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് എസ്ഐ രാമദാസും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
ലഹരി തേടിയാണ് സുഹൃത്ത് മുഖേന യുവതി മണ്ണാർക്കാടെത്തിയത്. ഇവർ അഞ്ചുവർഷമായി ലഹരിക്കടിമയാണെന്നും പോലീസ് പറഞ്ഞു.
National
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തുന്നതിനായി ഭീകരര്‍ക്ക് സഹായങ്ങള്‍ ചെയ്ത ഒരാളെ കാഷ്മീർ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് കഠാരി എന്നയാളാണ് അറസ്റ്റിലായത്.
ഓപ്പറേഷന് മഹാദേവിനിടെ കണ്ടെടുത്ത ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫോറന്‍സിക് പരിശോധനയ്ക്കുശേഷമാണ് മുഹമ്മദ് കഠാരിയയെ അറസ്റ്റ് ചെയ്തത്.
നിരപരാധികളെ കൂട്ടക്കൊല ചെയ്ത രണ്ട് തോക്കുധാരികളെ ജൂലൈയിലെ ഓപ്പറേഷന് മഹാദേവിനിടെ സുരക്ഷാ സേന കണ്ടെത്തി വധിച്ചിരുന്നു. ഇവരുടെ പക്കല്‍നിന്നു കണ്ടെടുത്ത ഉപകരണങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കഠാരിയയെ അറസ്റ്റു ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
പഹല്‍ഗാമിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ ഏപ്രില്‍ 22നാണ് 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം നടന്നത്.
Kerala
തിരുവനന്തപുരം: കടയ്ക്കാവൂരില്‍ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കായിക്കര സ്വദേശിയും കൊച്ചുചാത്തിയോട് വീട്ടിൽ അനു (38) ആണ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. യുവതിയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം
ഇരുവര്‍ക്കുമിടയില്‍ പ്രശ്നം നിലനിന്നിരുന്നതിനാൽ ഇവർ പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
ഭർത്താവ് അനുവിനെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ കൈയ്ക്കും തലയ്ക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്.
National
ന്യൂഡൽഹി: മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ രാജ്യസഭയില്‍ ഇന്നും ചര്‍ച്ചയില്ല.
ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ നോട്ടീസുകള്‍ തള്ളി. ചോദ്യോത്തരവേള തടസപ്പെടുത്തുന്ന തരത്തില്‍ പ്രതിപക്ഷം ബഹളം വച്ചതോടെ രാജ്യസഭ ഉച്ചയ്ക്ക് രണ്ട് വരെ നിര്‍ത്തിവച്ചു.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇവർ ദുര്‍ഗ് സെന്‍ട്രല്‍ ജയിലാണ്.
ഇവർക്കെതിരേ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
National
റായ്പൂർ:ഛത്തീസ്ഗഡില്‍വച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല. കേസിലെ രേഖകളെല്ലാം ലഭിച്ച ശേഷം രണ്ട് ദിവസത്തിനകം ജാമ്യാപേക്ഷ നല്‍കാനാണ് സഭാ നേതൃത്വത്തിന്റെ ആലോചന.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്. നിലവിൽ ഇവർ ദുര്‍ഗ് സെന്‍ട്രല്‍ ജയിലാണ്.
ഇവർക്കെതിരേ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും മനുഷ്യക്കടത്താണ് നടന്നതെന്നും സംശയിക്കുന്നുവെന്നും എഫ്ഐആറില്‍ പറയുന്നു.